“നമുക്ക് വൈകുന്നേരം ഒരു പഞ്ചായത്ത് സന്ദർശിച്ചാലോ?” Dr.T.M Thomas Isaac

“നമുക്ക് വൈകുന്നേരം ഒരു പഞ്ചായത്ത് സന്ദർശിച്ചാലോ?” കേരളത്തിൽ ഏറ്റവും കൂടുതൽ തദ്ദേശഭരണ സ്ഥാപനങ്ങൾ സന്ദർശിച്ചിട്ടുള്ള പുറത്തുനിന്നുള്ള നയകർത്താവ് ശ്രീ. മണിശങ്കർ അയ്യരാണ്. “പുതുമയുള്ള ഒരു പഞ്ചായത്താവണം.” “എന്നാൽ എന്തുകൊണ്ട് 35 രജിസ്റ്റേർഡ് ലൈബ്രറികൾ പ്രവർത്തിക്കുന്ന മയ്യിൽ പഞ്ചായത്ത് ആയിക്കൂടാ?” അങ്ങനെയാണ് ഞങ്ങൾ പഠന കോൺഗ്രസ് സെമിനാർ കഴിഞ്ഞ് മയ്യിൽ പഞ്ചായത്തിൽ പോയത്. മുൻ അധ്യാപക നേതാവ് ഹരികൃഷ്ണൻ മാഷ് കൂടെ ഉണ്ടായിരുന്നു.
ആദ്യം പഞ്ചായത്ത് ഓഫീസിൽ. ജനകീയാസൂത്രണകാലത്തുനിന്ന് ആസൂത്രണ നടപടിക്രമങ്ങളിൽ എന്തുമാറ്റം വന്നു? എങ്ങനെയാണ് തീരുമാനങ്ങൾ? എത്രമാത്രം സ്വാതന്ത്ര്യം പഞ്ചായത്തിനുണ്ട്? തുടങ്ങിയവ അറിയാനാണ് അദ്ദേഹം ശ്രമിച്ചത്.
സന്ദർശനത്തിന്റെ ഹൈലറ്റ് വേളം പൊതുജന വായനശാലയും സഫ്ദർ ഹാഷ്മി വായനശാലയും ആയി. ലൈബ്രറികളുടെ വൈവിധ്യമാർന്ന പ്രവർത്തന മണ്ഡലം മണിശങ്കർ അയ്യരെ അത്ഭുതപ്പെടുത്തി. വേളം പൊതുജന വായനശാലയ്ക്ക് ഇപ്പോൾ തന്നെ വോളി, ഷട്ടിൽ കോർട്ടുകളും പരിശീലനവുമുണ്ട്. സഫ്ദർ ഹാഷ്മി ലൈബ്രറിക്ക് ഗ്രൗണ്ടില്ല. നാട്ടിൽ നിന്ന് പിരിവെടുത്ത് ഇപ്പോൾ 30 സെന്റോളം സ്ഥലം ലൈബ്രറിക്ക് അടുത്തുതന്നെ വാങ്ങി. ആ ഗ്രൗണ്ടിന്റെ ഉദ്ഘാടന ചടങ്ങിൽ കുറച്ചുനേരം മണിശങ്കർ അയ്യരും അതിഥിയായി.
ഉദ്ഘാടന ചടങ്ങിന്റെ പ്രത്യേകത സാംസ്കാരിക സായാഹ്നമാണ്. ലൈബ്രറി കലാ പരിശീലന കേന്ദ്രവും കൂടിയാണ്. നൃത്തം, സംഗീതം, ചിത്രരചന തുടങ്ങിയ എല്ലാ പരിശീലനങ്ങളുമുണ്ട്. വേളത്ത് നാടകസംഘവും നാടകോത്സവവുമുണ്ട്. വലിയൊരു നീണ്ടനിര നർത്തകികൾ അണിഞ്ഞൊരുങ്ങി സ്റ്റേജിനു സമീപം ഉണ്ടായിരുന്നു. എല്ലാവരും തന്നെ ലൈബ്രറയിൽ നൃത്തം അഭ്യസിച്ചിരുന്നവരാണ്.
രണ്ട് ലൈബ്രറികളും പഞ്ചായത്തിലെ നോളഡ്ജ് സെന്ററുകളാണ്. സ. ജെയിംസ് മാത്യു എംഎൽഎ ആയിരുന്നപ്പോഴാണ് ഗ്രന്ഥാലയങ്ങളെ ഡിജിറ്റലൈസ് ചെയ്ത് നോളഡ്ജ് സെന്ററുകളായി രൂപാന്തരപ്പെടുത്തിയത്. അവയെയാകെ നെറ്റുവർക്ക് ചെയ്ത് പ്രവർത്തിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രം കണ്ണൂർ എഞ്ചിനീയറിംഗ് കോളെജിൽ സ്ഥാപിക്കുകയും ചെയ്തു. ഈയൊരു പ്രൊജക്ട് മണിശങ്കർ അയ്യർക്ക് ഏറെ ഇഷ്ടമായി.
രണ്ട് ലൈബ്രറികളിലും നന്നായി ക്രമീകരിച്ചിട്ടുള്ള വലിയൊരു ശേഖരം പുസ്തകങ്ങളുണ്ട്. വേളം പൊതുജന വായനശാലയുടെ ശതാബ്ദി ആഘോഷത്തോടു ബന്ധപ്പെട്ടുകൊണ്ട് സ്റ്റാക്ക് റൂമുകളാകെ പുതുക്കി പണിയുകയാണ്. എന്നാൽ ഗ്രന്ഥാലയങ്ങൾ കേവലം പുസ്തകപ്പുരകൾ മാത്രമല്ല, സാമൂഹ്യ-സാംസ്കാരിക കേന്ദ്രങ്ങളും വികസന ഏജൻസികളും കൂടിയാണ്. പഞ്ചായത്തിന്റെ വികസന പരിപാടികളും പ്രൊജക്ടുകളും നടപ്പിലാക്കുന്നതിനുള്ള സഹായികളാണ്. മുൻ പഞ്ചായത്ത് പ്രസിഡന്റ് റിഷ്ണ ആണ് സഫ്ദർ ഹാഷ്മി ലൈബ്രറിയുടെ ഒരു പ്രധാന സംഘാടക. റിഷ്ണ ഇപ്പോൾ സ്ഥാനമൊഴിഞ്ഞ് കേരള സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുകയാണ്.
പഞ്ചായത്ത് ഓഫീസിൽവച്ച് കണ്ടുമുട്ടിയ മെമ്പർമാരിൽ പലരും ലൈബ്രറികളിലും ഉണ്ടായിരുന്നു. പല ലൈബ്രറി പ്രവർത്തകരും മുൻ പഞ്ചായത്ത് മെമ്പർമാരാണ്. കേരളത്തിലേ ഇത്തരമൊരു ബന്ധം കാണാൻ കഴിയൂവെന്ന് മണിശങ്കർ അയ്യർ പറഞ്ഞു.