About Us

1934 മാര്‍ച്ച് മാസം 10 ആം തീയതി ഉത്ഘാടനം ചെയ്ത വളരെ ചെറുതായ ഒരു ഓലപ്പുരയായിരുന്നു ആദ്യത്തെ വേളം പൊതുജന വായനശാല. 1932ല്‍ വേളത്ത് വന്ന പി. ഈശ്വരന്‍ എന്ന ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കുറച്ച് ചെറുപ്പക്കാരെ സംഘടിപ്പിച്ച് തുടങ്ങിയ ഹിന്ദി പഠന ക്ലാസ്സില്‍ നിന്നാണ് വായനശാലയുടെ ചരിത്രം തുടങ്ങുന്നത്.
.
പരാധീനതകളും കഷ്ടപ്പാടുകളും സങ്കടങ്ങളും നിറഞ്ഞ ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. ഇന്നത്തെ തലമുറ അതില്‍ നിന്നും ശക്തി ഉൾകൊണ്ടാണ് വായനശാലാ പ്രവര്‍ത്തനം നടത്തുന്നത് പഴയകാലത്തെ ത്യാഗത്തിന്റെയും കഷ്ടപ്പാടിന്റെയും ഫലമായാണെന്ന് നന്ദിയോടെ സ്മരിക്കുന്നു. 1940 കളിലെ മോറാഴ സംഭവത്തില്‍ പങ്കെടുത്ത വായനശാല പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടത്തിയ അന്വേഷണങ്ങളും ഭീഷണികളും, 1946-50 കാലത്ത് വേളത്തും കോട്ടയാട്ടും സ്ഥാപിക്കപ്പെട്ട എം.എസ്.പി ക്യാമ്പിന്റെ പിന്‍ബലത്തോടെ തകര്‍ക്കപ്പെട്ട ആദ്യ കെട്ടിടം, ഒപ്പം വായനശാല പ്രവര്‍ത്തകര്‍ക്കെതിരെ വന്ന കള്ളകേസുകള്‍, 1950ല്‍ വീണ്ടും മയ്യില്‍ സ്‌കൂളില്‍ ക്യാമ്പ് ചെയ്ത പോലീസ് വായനശാല പൂര്‍ണ്ണമായും നശിപ്പിച്ചതിനെ തുടര്‍ന്ന് ഒന്ന്-രണ്ട്‌ വര്‍ഷക്കാലം മന്ദീഭവിച്ചുപോയ വായനശാല പ്രവര്‍ത്തനം, 1974ന് ശേഷം കെട്ടിടം വികൃതമാക്കുവാന്‍ ശ്രമിച്ച ദുഷ്ട ശക്തികള്‍, നീണ്ട ക്രിമിനല്‍ കേസുകള്‍, സാമ്പത്തിക നഷ്ടങ്ങളും പരാധീനതകളും, അടിയന്തരാവസ്ഥക്കാലത്തെ ചെറുത്ത് നില്‍പ്പുകള്‍… കയ്പുള്ള അനുഭവങ്ങളുടെ ചരിത്രം അങ്ങനെ നീളുന്നു… പക്ഷേ… തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്നാണല്ലോ…
.
1934 മാര്‍ച്ച് മാസം 10 ആം തീയ്യതി ശ്രീ. ടി. ചാത്തുക്കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്ത ആദ്യ കെട്ടിടം. 1952ല്‍ ശ്രീ.വി.ആര്‍. കൃഷ്ണയ്യരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വമ്പിച്ച പൊതു യോഗത്തില്‍ വെച്ച് ശ്രീ. പി.ആര്‍. നമ്പ്യാര്‍ ഉല്‍ഘാടനം ചെയ്ത രണ്ടാമത്തെ കെട്ടിടം, 1974 ഫിബ്രവരി 10ന് അന്നത്തെ കേരള ഗ്രന്ഥശാല സംഘം പ്രസിഡണ്ടായിരുന്ന ശ്രീ.തായാട്ട് ശങ്കരന്‍ ഉല്‍ഘാടനം നിര്‍വഹിച്ച മൂന്നാമത്തെ കെട്ടിടം, 1995 ഏപ്രില്‍ 21ന് ശ്രീ.പാച്ചേനി കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ മഹാനായ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഉത്ഘാടനം ചെയ്ത ഇപ്പോഴത്തെ കെട്ടിടം… 2010-ല്‍ പുതിയ ലൈബ്രറി ഹാളിനായി പണിത രണ്ടാം നില… കെട്ടിടങ്ങള്‍ പറയുന്നത് വേളം പൊതുജന വായനശാലയുടെ വളര്‍ച്ചയുടെ ചരിത്രം കൂടിയാണ്. 

ഒന്നര ഏക്കറോളം വരുന്ന സ്ഥലമയിരിന്നു വായനശാലക്ക് ഉണ്ടായിരുന്നത്. കണ്ടക്കൈ പഞ്ചായത്ത് ആപ്പീസ്സിനും കണ്ടക്കൈ വിവിധോദ്ദേശ ഐക്യനാണയസംഘം ആപ്പീസ്സിനുംവേണ്ടി വായനശാല കെട്ടിടത്തിന്റെ ഒരു ഭാഗം വിട്ടുകൊടുത്തിരുന്നു. വായനശാലയുടെ മൂന്ന് ഭാഗത്തും ഉള്ള റോഡുകള്‍, അതിനു പുറമെ വായനശാലാ പറമ്പില്‍നിന്നും ഗ്രാമസേവക് ക്വാട്ടേര്‍സിനുവേണ്ടി 12 സെന്റ് സ്ഥലവും മൃഗാശുപത്രിക്കുവേണ്ടി 25സെന്റ് സ്ഥലവും സര്‍ക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തിട്ടുണ്ട്. ഈ പറമ്പില്‍ പ്രസ്തുത സ്ഥാപനങ്ങളോടു ചേര്‍ന്ന് രണ്ടു പൊതുകിണറുകളും ഇന്ന് നിലവിലുണ്ട്. സാക്ഷരതാ പ്രവര്‍ത്തങ്ങള്‍, രോഗികളെ കൊണ്ടുപോകാനുള്ള സ്ട്രെച്ചര്‍, പെട്രോമാക്‌സ്, നിലംതല്ലി, നാടിന്റെ സഹായകേന്ദ്രമായി, സാമൂഹ്യ-സാംസ്‌കാരിക വളര്‍ച്ചക്ക് വേളം പൊതുജന വായനശാല നല്‍കിയ സംഭാവനകള്‍ നീളുന്നു…
.
നല്ല വായനക്കാര്‍ക്കുള്ള അവാര്‍ഡ്, വായന വീട്, ഗ്രന്ഥാലയം എന്റെ വിദ്യാലയം, വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനം, നല്ല പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കുന്ന ഗ്രന്ഥാലയത്തിന് യു.പത്മനാഭന്‍ സ്മാരക അവാര്‍ഡ്, വാര്‍ഷികാഘോഷം, പുസ്തകാസ്വാദനം, പുസ്തകണി, പുസ്തകകൈനീട്ടം തൊഴില്‍ പരിശീലനം, കാർഷിക പ്രവര്‍ത്തനങ്ങള്‍ , കലാ-കായിക പ്രവര്‍ത്തനങ്ങള്‍ നാടകപ്രവര്‍ത്തനങ്ങള്‍, കയ്യെഴുത്ത് മാസികകള്‍, നാടകോത്സവം, മറ്റ് പ്രതിമാസ പരിപാടികള്‍ എല്ലാം കൂടി വായനശാലയുടെ ഓരോ വര്‍ഷവും സംഭവബഹുലമാകുന്നു… ആധുനീകവത്ക്കരണവും ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തങ്ങളും തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നു, വായനശാല നടത്തുന്ന എല്ലാ പരിപാടികളുടെയും വിവരങ്ങള്‍ വെബ്സൈറ്റിലും ലഭ്യമാണ്.
.
1958ല്‍ 2464ആം നമ്പറായി കേരള ഗ്രന്ഥശാല സംഘത്തില്‍ രജിസ്റ്റര്‍ ചെയ്ത വേളം പൊതുജന വായനശാല,1996-ല്‍ കേരളത്തിലെ ആദ്യത്തെ അഞ്ചു മോഡല്‍ വില്ലേജ് ലൈബ്രറികളില്‍ ഒന്നായും 2000-ല്‍ ജില്ലകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ആദ്യ പതിനാല് സേവന ഗ്രാമീണ വിവര കേന്ദ്രങ്ങളില്‍ ഒന്നായും മാറി. പി.രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം, അക്ഷരജ്വാല പുരസ്‌കാരങ്ങള്‍, തളിപ്പറമ്പ് താലൂക്കിലെ മികച്ച ലൈബ്രറിക്കുള്ള കടിഞ്ഞിയില്‍ നാരായണന്‍ നായര്‍ പുരസ്‌കാരം, കണ്ണൂര്‍ ജില്ലയിലെ മികച്ച ലൈബ്രറി, പി.രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം, 2013 -14 ലെ സംസ്ഥാനത്തെ അന്‍പതു വര്‍ഷം പിന്നിട്ട മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്കുള്ള ഇ.എം.എസ് പുരസ്‌കാരം തുടങ്ങിയവയും വേളം പൊതുജന വായനശാലയെ തേടിയെത്തി…
.
1970-ല്‍ തന്നെ ‘എ’ ഗ്രേഡ് ലൈബ്രറിയായ വായനശാല, ലൈബ്രറി കൌണ്‍സില്‍ 2018 മുതല്‍ ഏര്‍പ്പെടുത്തിയ ‘എ പ്ലസ്’ എന്ന ഗ്രേഡിനും അര്‍ഹമായി… ചിട്ടയായതും അസാധാരണവും സ്ഥായിയായതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രന്ഥാലയങ്ങള്‍ക്കാണ് എ പ്ലസ് ഗ്രേഡ് നല്‍കുന്നത്. എ-പ്ലസ് നേടിയ കേരളത്തിലെ മുപ്പതോളം ഗ്രന്ഥശാലകളില്‍ ഒന്നാവാന്‍ സാധിച്ചത് നമ്മുടെ കൂട്ടായ്മയ്ക്കും കഠിനാധ്വാനത്തിനും കിട്ടിയ വലിയ അംഗീകാരമാണ്.
.
വേളം പ്രദേശത്തെ ഓരോ വ്യക്തികളുടെയും വിയര്‍പ്പിന്റെയും ത്യാഗത്തിന്റെയും ഒരുമയുടെയും ആകെ തുകയാണ് വേളം പൊതുജന വായനശാലയും സഹോദര സ്ഥാപനങ്ങളും. തൊണ്ണൂറാം വയസ്സിലേക്ക് അടുക്കുമ്പോഴും നിത്യയൗവ്വനം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നത് ഈ പ്രദേശത്തെയും അയല്‍ പ്രദേശങ്ങളിലേയും ജനങ്ങളുടെയും അഭ്യുദയ കാംഷികളുടേയും കരുതലും സ്‌നേഹവും ഒന്നുകൊണ്ട് മാത്രമാണ്.
.
അത്യാധുനിക സാങ്കേതിക വിദ്യയോടെയുള്ള ലൈബ്രറിയാണ് നമ്മുടെ അടുത്ത സ്വപ്നം. സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് ലൈബ്രറിയുടെ മനോഹരമായ അനുഭവം സമ്മാനിക്കാനുതകുന്ന രൂപരേഖയുടെ പ്രാരംഭ പ്രവര്‍ത്തനത്തിലാണ് ഞങ്ങള്‍. വിവര-സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ചുകൊണ്ട് നൂതനമായ ലൈബ്രറി പ്രവര്‍ത്തനത്തിനും മുഴുവന്‍ സമയ സേവനകേന്ദ്രത്തിനും വേണ്ടിയുള്ള പ്രവര്‍ത്തങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എന്നും വായനശാലക്ക് താങ്ങും തണലുമായ ഈ നാട്ടിലെ ജനങ്ങളാണ് കൂടുതല്‍ സ്വപ്നങ്ങള്‍ കാണാനും ഉയത്തില്‍ പറക്കാനുമുള്ള പ്രചോദനം. അധ്വാനിക്കുക… അന്വേഷിക്കുക……കണ്ടുപിടിക്കുക… കീഴടങ്ങാതിരിക്കുക… അതായിരിക്കും ഞങ്ങളുടെ ലക്ഷ്യം
.
വായനശാലയുടെ നാളിത് വരെയുള്ള ഉത്കര്‍ഷത്തിന് വേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ ജനങ്ങള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഞങ്ങളുടെ അകം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു…

സ്നേഹപൂര്‍വ്വം

വേളം പൊതുജന വായനശാല പ്രവര്‍ത്തകര്‍

പ്രവര്‍ത്തന മേഖലകള്‍:

ലൈബ്രറിപുസ്തക വിതരണം, മൊബൈല്‍ ലൈബ്രറി, പുസ്തക ശേഖരണം, പുസ്തക പരിചയം, റഫറന്‍സ് ലൈബ്രറി, കുട്ടികളുടെ ലൈബ്രറി, ഹെറിറ്റേജ് ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി.
വായനാവീട്വനിത-വയോജന പുസ്തക വിതരണ പദ്ധതി, വായനക്കാര്‍ക്ക് അവാര്‍ഡ്, സമ്പൂര്‍ണ്ണ പുസ്തക വായന യജ്ഞം, ഗ്രന്ഥാലയം എന്റെ വിദ്യാലയം.
വായനശാലവായനാ സൗകര്യം, പത്ര മാസികകള്‍ , കംപ്യൂട്ടര്‍ സാക്ഷരത, ചര്‍ച്ചാവേദി, ആനുകാലിക ചര്‍ച്ച, സംവാദം, സെമിനാര്‍ .
സേവനകമ്പ്യൂട്ടര്‍ ശില്പശാല, കമ്പ്യൂട്ടര്‍ പരിശീലനം, ഇ-മെയില്‍ പരിശീലനം, ബോധവത്കരണം, ജോബ്‌ വര്‍ക്ക്‌, വിവര ശേഖരണം, വിവര വിനിമയം, ഡോക്യുമെന്റെഷന്‍.
നഴ്സറി സ്കൂള്‍കലോത്സവം, ശില്പശാല, പഠന യാത്ര, മാതൃസംഗമം, പി.ടി.എ.
ബാലവേദിദിനങ്ങള്‍ – ദിനാചരണങ്ങള്‍ , ശാസ്ത്രം – ശാസ്ത്രഞ്ജര്‍ – പഠന പരമ്പര, സര്‍ഗോത്സവം, ബാലവേദി – പാര്‍ലമെന്റ്, കയ്യെഴുത്ത് മാസിക, പഠനയാത്ര, ലിറ്റില്‍ തീയേറ്റര്‍
യുവജന വേദിരക്തദാന സേന, നേത്രദാന സേന, സന്നദ്ധ സേന, കരിയര്‍ ഗൈഡന്‍സ്, വിജ്ഞാന വ്യാപന പ്രവര്‍ത്തനം, വിനോദ യാത്ര, തൊഴില്‍ ബാങ്ക്.
വനിതാ വേദിസ്ത്രീ ശാക്തീകരണം, തൊഴില്‍ സംരംഭം, വിവിധ പരിശീലനങ്ങള്‍ .
വയോജന വേദിവായന, ഓര്‍മ്മചെപ്പ്, വിനോദം, ലഖു വ്യായാമം.
ഹരിത സേനനീര്‍ത്തട വികസന സമിതി, സുസ്ഥിര പരിസ്ഥിതി വികസന സമിതി, കൃഷിക്കൂട്ടം, ജല സംരക്ഷണം, പൂന്തോട്ട പച്ചക്കറി വികസനം.
തൊഴില്‍ കേന്ദ്രംതൊഴില്‍ പരിശീലനം, പി.എസ്.സി. കോച്ചിംഗ്, കരിയര്‍ ഗൈഡന്‍സ്, ലേബര്‍ ബാങ്ക്
കലാസമിതികലാപരിശീലനം, കോല്‍ക്കളി പരിശീലനം, നാടകാവതരണം, കുടുംബശ്രീ ഫെസ്റ്റ്, ഫിലിം ക്ലബ്, ഫോക്ക്ലോര്‍ ക്ലബ്.
സ്പോര്‍ട്സ് ക്ലബ്കായിക-വിജ്ഞാന പരിപാടി, കായിക പരിശീലനം, വോളി ബോള്‍ ടൂര്‍ണ്ണമെന്റ്, യോഗ പരിശീലനം, മെഡിക്കല്‍ ക്യാമ്പ്‌.
തുടര്‍ വിദ്യാ കേന്ദ്രംഅനൌപചാരിക വിദ്യാഭ്യാസം, തുല്യതാ പരിപാടി, ബോധവല്‍ക്കരണം, വികസന വിദ്യാഭ്യാസം.