ചരിത്രം
വേളം പൊതുജന വായനശാല: ചരിത്രം
ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം രാജ്യത്തെമ്പാടും ശക്തിപ്പെട്ടതോടു കൂടി അതിന്റെ ചലനം സ്വാഭാവികമായും ഈ പ്രദേശങ്ങളിലും പ്രകടമായി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരായി തീവ്രമായ വികാരം ഈ പ്രദേശത്തെ ജനങ്ങളിലും ശക്തിപ്പെട്ടു തുടങ്ങി. ഈ സന്ദര്‍ഭത്തില്‍ 1932 ല്‍ പി. ഈശ്വരന്‍ എന്ന ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ വേളത്ത് വരികയും ജനങ്ങളെ സംഘടിപ്പിക്കുന്നതിനു തന്ത്രപൂര്‍വ്വം പ്രവര്‍ത്തിക്കുകയുമുണ്ടായി. കുറെ ചെറുപ്പക്കാരെ സംഘടിപ്പിച്ച് ഒരു ഹിന്ദി പഠന ക്ലാസ്സ് ആരംഭിക്കുന്നതിന് അദ്ദേഹം പരിശ്രമിച്ചു. ക്ലാസ്സ് നടത്തുന്നതിനു ആവശ്യമായ സ്ഥല സൗകര്യം വേണമെന്നുവന്നപ്പോള്‍ തെവുന്നത്തില്ലം വകയായി വേളത്തുള്ള ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് ( ഇന്ന് വായനശാല സ്ഥിതി ചെയ്യുന്ന സ്ഥലത്തുതന്നെ ) വളരെ ചെറുതായ ഒരു ഓലപ്പുര നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനമാരംഭിച്ചു. അതൊടൊപ്പം തന്നെ കോണ്‍ഗ്രസ്സ് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനവും ദേശീയ വിമോചന പ്രസ്ഥാനവും ശക്തിപ്പെടുത്തി കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ധാരാളം യുവാക്കള്‍ സജീവമായി രംഗത്തുവന്നു. ഇവരില്‍ ശ്രീമാന്മാര്‍ യു. കുഞ്ഞാന്‍കുട്ടി നായര്‍, കെ. കുട്ട്യപ്പ നായര്‍, കെ. കെ. കുഞ്ഞപ്പ നായര്‍, ടി. ചാത്തുക്കുട്ടി മാസ്റ്റര്‍, ഏം. ഏം. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, വി. പി. കുഞ്ഞിരാമമാരാര്‍ എന്നിവരുടെ പേരുകള്‍ പ്രത്യേകം എടുത്ത് പറയാവുന്നതാണ്. പലരില്‍ നിന്നും സംഭാവനയായി ലഭിച്ച കട്ടില, ജാലകം എന്നിവയും മറ്റ് സഹായങ്ങളും ഉപയൊഗിക്കപ്പെടുത്തിക്കൊണ്ടാണ് കെട്ടിടം പണി ആരംഭിച്ചത്. പ്രവര്‍ത്തരുടെ നിസ്വാര്‍ത്ഥമായ പരിശ്രമത്തിന്റെ ഫലമായി വളരെ വേഗം കെട്ടിടം പണി പൂര്‍ത്തിയായി. ഇതാണ് വേളം പൊതുജന വായനശാലയുടെ ആദ്യത്തെ കെട്ടിടം.
ആദ്യം സൂചിപ്പിച്ചതുപോലെ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടുകൊണ്ടാണു ഈ സ്ഥാപനം വളര്‍ന്നു വന്നത്. തെവുന്നത്തില്ലം വക സ്ഥലത്താണ് വായനശാല ഉണ്ടാക്കിയതെന്ന് ആദ്യം സൂചിപ്പിച്ചുവല്ലൊ. ഇതിനിടയില്‍ ചിലര്‍ ഈ സ്ഥലം ജന്മിക്ക് പ്രതിഫലം കൊടുത്ത് സ്വന്തമാക്കാന്‍ ശ്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിനകം ഇവിടെ സംഘടിതശക്തിയായി വളര്‍ന്നു കഴിഞ്ഞ കര്‍ഷക സംഘത്തിന്റെയും ബഹുജന പ്രസ്ഥാനത്തിന്റെയും യോജിച്ച പ്രവര്‍ത്തനത്തിന്റെ ഫലമായി ആ ശ്രമം വിജയിച്ചില്ല. പിന്നീട് വായനശാല ഈ സ്ഥലം പ്രതിഫലം കൊടുത്ത് ജന്മം വാങ്ങിയിട്ടുണ്ട്.
1930-40 കാലഘട്ടം ഈ വായനശാലയെ സംബന്ധിച്ചേടത്തോളം വളരെ കുഴപ്പം പിടിച്ചതായിരുന്നു. അക്കാലത്താണ് മോറാഴ സംഭവം നടന്നത്. ആ സംഭവത്തില്‍ ഈ പ്രദേശത്തുനിന്നു പങ്കെടുത്ത മിക്ക വളണ്ടിയര്‍മാരും ഈ വായനശാല പ്രവര്‍ത്തകരായ കോണ്‍ഗ്രസുകാരായിരുന്നു. അതുകൊണ്ടുതന്നെ ഈ പ്രദേശത്ത് വ്യാപകമായ തോതില്‍ പോലീസ് അന്വേഷണങ്ങളും ഭീഷണികളും ഉണ്ടായി. ജനങ്ങളെ ഭയവിഹ്വലരാക്കിയ സംഭവമായിരുന്നു അത്.
വായനശാലയുടെ മേല്‍പറഞ്ഞ ആദ്യത്തെ കെട്ടിടം 1934 മാര്‍ച്ച് മാസം 10 ആം തീയ്യതി ശ്രീ ഇ. പി. ഗോവിന്ദന്‍ നമ്പ്യാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ശ്രീ. ടി. ചാത്തുക്കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. തുടര്‍ന്നു നിലവില്‍ വന്ന ആദ്യത്തെ വായനശാലാ ഭരണസമിതിയില്‍ ശ്രീമാന്മാര്‍ ടി. ഒതേനന്‍ മാസ്റ്റര്‍ (പ്രസിഡണ്ട്), കെ. കുട്ട്യപ്പനായര്‍ ( വൈ. പ്രസിഡണ്ട്), കെ. കേളുമാസ്റ്റര്‍ (സിക്രട്ടരി), യു. കുഞ്ഞാന്‍കുട്ടിനായര്‍ (ജോ.സിക്രട്ടരി) , യു. കണ്ണന്‍നായര്‍, ടി. ചാത്തുക്കുട്ടി മാസ്റ്റർ, കെ.കെ.കുഞ്ഞപ്പ നായർ, വി. പി. കുഞ്ഞിരാമമാരാർ കെ. രാമൻനായർ ( മെമ്പർമാർ ) എന്നിവരാണുണ്ടായിരുന്നത്. വായനശാലയുടെ ആവിർഭാവവും പ്രവർത്തനവും ഈ പ്രദേശത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിയിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ആദ്യ കാലത്ത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രവർത്തനത്തിനും വളർച്ചയ്ക്കുമുള്ള ഒരു കേന്ദ്രബിന്ദുവായിരുന്നു ഈ സ്ഥാപനം. ഈ പ്രദേശത്തെ പുരോഗമനപരമായ എല്ലാ പ്രവർത്തനങ്ങളിലും ഈ സ്ഥാപനം അതിന്റെതായ പങ്ക് വഹിച്ചിട്ടുണ്ട് .
ഇതിനുമുമ്പ് പ്രസ്താവിച്ചതുപോലെ 1934ൽ ശ്രീ. ഇ. പി . ഗോവിന്ദൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ ഉൽഘാടനം ചെയ്യപ്പെട്ട ആദ്യത്തെ വായനശാലാകെട്ടിടം പിൽക്കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ തകർക്കപ്പെട്ട നിർഭാഗ്യകരമായ സംഗതി എടുത്തുപറയേണ്ടതായിട്ടുണ്ട്. മാറിയ രാഷ്ട്രീയ പരിത:സ്ഥിതിയിൽ 1946-50 കാലത്ത് വേളത്തും കോട്ടയാട്ടും സ്ഥാപിക്കപ്പെട്ട എം.എസ്. പി.ക്യാമ്പുകളുടെ പിൻബലത്തോടെയാണ് ഈ സംഹാര പ്രക്രിയ പ്രാവർത്തികമാക്കിയത്. കെട്ടിടത്തിന്ന് കാര്യമായ കേടുപാടുകളേൽപ്പിക്കുകയും ഉപകരണങ്ങളും രേഖകളും കത്തിച്ചു കളയുകയും ചെയ്തു. മാത്രമല്ല വായനശാല പ്രവർത്തകരെ കള്ളകേസുകളിൽ കുടുക്കുകയും തുറങ്കിലടക്കുകയും ചെയ്തു. ക്യാമ്പുകൾ പിൻവലിക്കപ്പെട്ടപ്പോൾ ജനങ്ങൾ വീണ്ടും ഒത്തു ചേർന്ന് കെട്ടിടത്തിന്റെ കേടുപാടുകൾ തീർക്കുകയും വായനശാലാ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു. എന്നാൽ ഈ സ്ഥിതി അധികകാലം നീണ്ടുനിന്നില്ല. 1950ൽ വീണ്ടും മയ്യിൽ സ്കൂളിൽ പോലീസ് ക്യാമ്പ് ചെയ്യുകയും അവരുടെ നേതൃത്വത്തിൽ വായനശാല അഗ്നിക്കിരയാക്കുകയും ചെയ്തു. ഇത്തവണ സാമൂഹ്യവിരുദ്ധർ കെട്ടിടത്തിന്റെ ചുമർ പോലും ബാക്കി നിർത്തിയില്ല. ഈ സംഹാര താണ്ഡവത്തെത്തുടർന്ന് 1952 വരെയുള്ള ഒന്നുരണ്ടു വർഷക്കാലം വായനശാല പ്രവർത്തനം മന്ദീഭവിച്ചുപോയി.
1952ൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുൻകയ്യെടുത്ത് നാട്ടുകാരുടെ ഒരു യോഗം വിളിക്കുകയും ശ്രീമാന്മാർ ടി. ഒതേനൻ മാസ്റ്റർ പ്രസിണ്ടായും ടി. കെ. നാരായണൻനമ്പ്യാർ സിക്രട്ടരിയായും ഒരു വായനശാല കെട്ടിട നിർമ്മാണക്കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുമ്പത്തെ ഓലപ്പുരയുടെ സ്ഥാനത്ത് ഓടുമേഞ്ഞതും സാമാന്യം മെച്ചപ്പെട്ടതുമായ കെട്ടിടം പടുത്തുയർത്തി വായനശാലാ പ്രവർത്തനം പുനരാരംഭിച്ചു. ഈ കെട്ടിട പുനർനിർമാണ പ്രവർത്തനത്തിൽ കഠിനാദ്ധ്വാനം ചെയ്തവരുടെ കൂട്ടത്തിൽ ശ്രീമാന്മാർ കെ.കെ.കൃഷ്ണൻ നമ്പ്യാർ, കെ. ഒ. കുട്ട്യപ്പനമ്പ്യാർ, യം. പി.കുഞ്ഞമ്പു, കണ്ടോത്ത് രാമൻനായർ, യു. പി. കുഞ്ഞിരാമൻ നായർ എന്നിവരുടെ പേരുകൾ പ്രത്യേകം പ്രസ്താവ്യമാണ്. കെട്ടിട നിർമാണത്തിനാവശ്യമായ മരം,തെങ്ങ് മുതലായവ പലരിൽ നിന്നുമായി സംഭാവന പലരിൽ നിന്നുമായി സംഭാവന കിട്ടി. പെരുവങ്ങൂരിൽ നശിച്ച് ആളോഴിഞ്ഞു കിടന്നിരുന്ന പറമ്പത്തുള്ളി ഇല്ലത്തിന്റെ ഓടാണ് അതിന്റെ ഉടമസ്ഥന്റെ അനുവാദത്തോടെ ഈ കെട്ടിടം മേയാൻ ഉപയോഗിച്ചത്. ഈ പ്രദേശത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിന്റെ ഫലമായാണ് ഓരോ തവണയും പൂർവ്വോപരി മെച്ചപ്പെട്ട കേട്ടിടങ്ങളുണ്ടാക്കാൻ കഴിഞ്ഞത്.
പ്രസ്‌തുത കെട്ടിടം 1952ൽ ശ്രീ.വി.ആർ. കൃഷ്ണയ്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന വമ്പിച്ച പൊതു യോഗത്തിൽ വെച്ച് ശ്രീ. പി.ആർ. നമ്പ്യാർ ഉൽഘാടനം ചെയ്തു. തുടർന്നു ശ്രീ. ടി.ഒതേനൻ മാസ്റ്റർ പ്രസിഡണ്ടായും ശ്രീ. യു.പി. കുഞ്ഞിരാമൻ നായർ സിക്രട്ടരിയായും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. തുടർന്നുള്ള കാലങ്ങളിൽ പല വ്യക്തികളും ഔദ്യോഗിക ഭാരവാഹികളായി രംഗത്തുവരികയും മികവുറ്റ സേവനങ്ങൾ കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്. ഈ കാലഘട്ടത്തിൽ പരേതനായ യു.ഗോവിന്ദൻ മാസ്റ്റർ ഈ സ്ഥാപനത്തിനുവേണ്ടി ചെയ്ത ത്യാഗപൂർണ്ണമായ സേവനങ്ങൾ നന്ദിപൂർവ്വം സ്മരിക്കപ്പെടേണ്ടാതാണ്.
1958ൽ ഈ സ്ഥാപനം 2464ആം നമ്പറായി കേരള ഗ്രന്ഥശാല സംഘത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്നുള്ള കാലഘട്ടം പലതുകൊണ്ടും സംഭവബഹുലമാണ്. വായനശാല നല്ല ഒരു ഗ്രന്ഥാലയമായി വളർന്നുവന്നു. ഇതിന്റെ ഭാഗമായി ‘നവീന കലാസമിതി ‘ എന്നാ പേരിൽ ഒരു കലാസമിതിയും പ്രവർത്തനമാരംഭിച്ചു. സമിതിയുടെ ആദ്യകാല പ്രസിഡണ്ട് പരേതനായ ഇ.പി. ബാലകൃഷ്ണൻ നമ്പ്യാരും സിക്രട്ടരി ശ്രീ കെ.കെ. ഗോപാലകൃഷ്ണൻ മാസ്റ്ററും ആയിരുന്നു. പ്രസ്തുത കലാസമിതി രൂപീകരണത്തിൽ മുൻകൈയെടുത്ത് പ്രവർത്തിച്ചത് ശ്രീ. കെ. ഒ. ഗോവിന്ദൻനമ്പ്യാർ ആയിരുന്നു. പ്രസ്തുത കലാസമിതിയാണ് ‘വേളം യുവജന കലാസമിതി‘ എന്ന പേരിൽ ഇന്ന് ഈ വായനശാലയിൽ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നത്. ഈ കലാസമിതിക്കും, വായനശാലക്കുംവേണ്ടി വളരെയധികം പ്രവർത്തിച്ച ഒരു വ്യക്തിയാണ് ശ്രീമാൻ യു.ഗോപലാൻനായർ. ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം ഇന്ന് പ്രവർത്തനരംഗത്തില്ല.
കണ്ടക്കൈ പഞ്ചായത്ത് ആപ്പീസ്സിനും കണ്ടക്കൈ വിവിധോദ്ദേശ ഐക്യനാണയസംഘം ആപ്പീസ്സിനുംവേണ്ടി വായനശാല കെട്ടിടത്തിന്റെ ഒരു ഭാഗം വിട്ടുകൊടുത്തിരുന്നു. അതിനുപുറമെ വായനശാലാ പറമ്പിൽനിന്നും ഗ്രാമസേവക് ക്വാട്ടേർസിനുവേണ്ടി 12 സെന്റ് സ്ഥലവും മൃഗാശുപത്രിക്കുവേണ്ടി 25സെന്റ് സ്ഥലവും സർക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തിട്ടുണ്ട്. ഈ പറമ്പിൽ പ്രസ്തുത സ്ഥാപനങ്ങളോടു ചേർന്ന് രണ്ടു പൊതുകിണറുകളും ഇന്ന് നിലവിലുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഈ പ്രദേശ ത്തിന്റെ പുരോഗതിക്കുള്ള രാജപാതയൊരുക്കിയത് ഈ സ്ഥാപനമാണെന്നതിന് തർക്കമില്ല.
1974 ലെ കെട്ടിടം
വായനശാലയുടെയും ഗ്രന്ഥാലയത്തിന്റെയും പ്രവർത്തന മേഖല വികസിച്ചതോടുകൂടി കെട്ടിടത്തിന്റെ സ്ഥലവും സൗകര്യവും പരിമിതമായിത്തീർന്നു.കൂടുതൽ സൗകര്യങ്ങളോടുകൂടിയ പുതിയ ഒരു കെട്ടിടം അത്യാവശ്യമായിത്തീർന്നു. തുടർന്നു അതിനുവേണ്ടിയുള്ള പ്രവർത്തനവും ആരംഭിച്ചു. 1971 നവമ്പർ 16ആം തീയ്യതി വായനശാലാ മെമ്പർമാരുടെയും പൊതുജനങ്ങളുടെയും ഒരു പൊതുയോഗം വിളിച്ചുചേർക്കുകയും, യോഗത്തിൽവെച്ച് ശ്രീമാന്മാർ കെ. ഒ. ഗോവിന്ദൻമാസ്റ്റർ പ്രസിഡണ്ടായും യു.പത്മനാഭൻ സിക്രട്ടരിയായും 50പേർ ഉൾക്കൊള്ളുന്ന ഒരു കെട്ടിടനിർമ്മാണകമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ശ്രീമാന്മാർ കെ.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ പ്രസിഡണ്ടും, പി.നാരായണമാരാർ സിക്രട്ടരിയും, കെ. ഒ. ഗോവിന്ദൻമാസ്റ്റർ, കെ.കെ. രാഘവൻ, യു. കുഞ്ഞപ്പ, ടി.കുഞ്ഞിരാമൻ, യു.കുഞ്ഞാൻകുട്ടിനായർ, കെ. ചെറിയ നാരായണൻ നായർ , സി.സി.നാരായണൻ എന്നിവർ അംഗങ്ങളുമായുള്ള അന്നത്തെ ഭരണസമിതിയുടെയും, കെട്ടിട നിർമ്മാണകമ്മിറ്റിയുടെയും, പൊതുജനങ്ങളുടെയും, വിശിഷ്യ കമ്മ്യുണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടി പ്രവർത്തകരുടെയും ത്യാഗോജ്വലമായ യോജിച്ച പ്രവർത്തനത്തിന്റെ ഫലമായി 1974 ഓടുകൂടി ഇന്നു കാണുന്ന ഈ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കുവാൻ സാധിച്ചു. കെട്ടിടത്തിന്റെ നിർമ്മാണച്ചെലവിലേക്ക് ഈ പ്രദേശത്തെയും അയൽ പ്രദേശങ്ങളിലേയും ജനങ്ങളിൽ നിന്നും ലഭിച്ച നിർല്ലോഭമായ സാമ്പത്തിക സഹായങ്ങൾക്ക് പുറമെ ഗവർമ്മേണ്ടിൽ നിന്നും 4,815 ക ഗ്രാന്റും ലഭിച്ചിട്ടുണ്ട്.
1974 ഫിബ്രവരി 10ആം തീയ്യതി അന്നത്തെ കേരള ഗ്രന്ഥശാല സംഘം പ്രസിഡണ്ടായിരുന്ന ശ്രീ.തായട്ട് ശങ്കരൻ ഈ കെട്ടിടത്തിന്റെ ഉൽഘാടനം നിർവഹിച്ചു. ഉൽഘാടനം കഴിഞ്ഞ് അധികനാൾ കഴിയുന്നതിനുമുമ്പ് ഈ കെട്ടിടവും വികൃതമാക്കുവാൻ ചില ദുഷ്ട ശക്തികൾ ശ്രമിക്കുകയുണ്ടായി. ഇത് നീണ്ടു നിന്ന ഒരു ക്രിമിനൽ കേസിനും വമ്പിച്ച സാമ്പത്തിക നഷ്ടത്തിനും ഇടയാക്കിത്തീർത്തു. മാത്രമല്ല, വായനശാലാ പ്രവർത്തകരിൽത്തന്നെ പല വിഷമതകളും സൃഷ്ടിക്കാൻ പ്രസ്തുത സംഭവം വഴിവെച്ചു. വേളം യുവജനകലാസമിതി, വേളം ഗ്രാമശാസ്ത്ര സമിതി, ശക്തി സ്പോർട്സ് ക്ലബ്ബ് എന്നിവയും ഈ സ്ഥാപനത്തിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. വയോജന വിദ്യാഭ്യാസ ക്ലാസ്സുകളും ചർച്ചാ ക്ലാസ്സുകളും പോലുള്ള നിരക്ഷരതാ നിർമാർജ്ജനം, സാംസ്കാരിക പുനരുദ്ധാരണം എന്നീ ലക്ഷ്യങ്ങൾ നേടുന്നതിനു വേണ്ടിയുള്ള നിസ്വാർത്ഥമായ പ്രവർത്തനങ്ങളും ഇവിടെ നടന്നുവരുന്നുണ്ട് കാലാകാലങ്ങളിൽ വാർഷികാഘോഷങ്ങളും പൊതുപരിപാടികളും സംഘടിപ്പിച്ച് ജനസമ്പർക്കം ശക്തിപ്പെടുത്തുന്ന കാര്യത്തിൽ ഈ സ്ഥാപനം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതുപോലെ തന്നെ സമീപ പ്രദേശങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടുള്ള കായിക മത്സരങ്ങളും വോളിബാൾ ടൂർണ്ണമെന്റുകളും മറ്റും നടത്തി ജനപ്രീതി നേടാൻ കഴിഞ്ഞിട്ടുണ്ട് . 1976 മുതൽ 1978 വരെ തുടർച്ചയായി ശ്രീ യം. വി. നാരായണൻ മാസ്റ്റർ സ്മാരക ട്രോഫിക്ക് വേണ്ടി നടത്തപെട്ട വോളിബാൾ ടൂർണ്ണമെന്റ് പ്രത്യേകം എടുത്ത് പറയത്തക്കതാണ് . സാമൂഹ്യസേവനരംഗത്തും ഒട്ടും പിന്നിലല്ല. ഈ പ്രദേശത്തുള്ള റോഡുകളും ഊടുവഴികളും നന്നാക്കൽ ഉൾപ്പെടെയുള്ള പല നിർമ്മാണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാറുണ്ട്. ആതുരസേവന രംഗത്ത് നമ്മുടെ പ്രവർത്തകർ മുൻപന്തിയിൽത്തന്നെയാണ്. രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ഒരു സ്ട്രക്ചർ സ്വന്തമായി ഇവിടെ വാങ്ങി സൂക്ഷിച്ച് ഉപയോഗപ്പെടുത്തിവരുന്നുണ്ട്. ചുരുക്കത്തിൽ ജനസേവനത്തിന്റെ എല്ലാ മേഖലകളിലും ഈ സ്ഥാപനം കഴിവിനനുസരിച്ച് പ്രവർത്തിച്ചു വരികയാണ്.
ഈ സ്ഥാപനത്തിന്റെ ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്നു പാടിക്കുന്ന് രക്തസാക്ഷികളിലൊരാളായ സ:എം.പി.ഗോപാലൻ. അദ്ദേഹത്തിന്റെ സേവനത്തെയും ഈ സന്ദർഭത്തിൽ സ്മരിച്ചുകൊള്ളുന്നു.
ഈ സ്ഥാപനത്തിന്റെ നാളിത് വരെയുള്ള ഉൽകർഷത്തിന്നു വേണ്ടി പ്രവർത്തിച്ച മുഴുവൻ ജനങ്ങൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ഞങ്ങളുടെ അകം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തികൊള്ളുന്നു .
(to be completed…)
(((ഈ പേജ് ഇനിയും പൂര്‍ത്തിയാക്കേണ്ടിയിരിക്കുന്നു.)))
സുവര്‍ണ്ണ ജൂബിലി സോവനീര്‍ മുഴുവനായി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക… (ഫയല്‍ ഫോര്‍മാറ്റ്: PDF, വലുപ്പം: 11.5 Mb)
The following pages are scanned from the silver jubilee souvenir.