ബഹുമാന്യരേ
ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവായിരുന്നു 2016-17 വര്‍ഷം മുതല്‍ നടപ്പാക്കിവരുന്ന പുതിയ ഗ്രഡേഷന് സമ്പ്രദായം. 2016 17 വര്‍ഷം ഗ്രഡേഷന് കമ്മിറ്റി ശുപാര്‍ശ ചെയ്ത 117 ഗ്രന്ഥശാലകളില്‍ നടത്തിയ ഉപരിപരിശോധനയില് സംസ്ഥാനത്താകെ 40 ഗ്രന്ഥശാലകളാണ് എ+ നേടിയത്. അതില്‍ 16 കണ്ണൂര്‍ ജില്ലയിലാണ്. 7 എണ്ണം തളിപ്പറമ്പ് താലൂക്കില്‍. തുടക്കത്തില്‍ തന്നെ ആ നേട്ടം കൈവരിക്കാന്‍ വേളം പൊതുജന വായനശാലയ്ക്കും സാധിച്ചു. വളരെക്കാലമായി എ ഗ്രേഡിലെത്തി നില്ക്കുന്ന ഗ്രന്ഥശാലകള്‍ക്ക് അടുത്തത് ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു എ+. പക്ഷെ ആ നേട്ടം കൈവരിക്കുക എന്നത് ഏറെ ശ്രമകരമായ പ്രവൃത്തിതന്നെയായിരുന്നു. അനുഭവമായിരുന്നു. സംതൃപ്തിയായിരുന്നു. കടമയായിരുന്നു. എ+ അനുഭവം പങ്കുവയ്ക്കാന്‍ ഞങ്ങള്‍ ഒരു വേദിയൊരുക്കുകയാണ്. ആഘോഷമല്ല. അനുഭവം സാക്ഷ്യപ്പെടുത്തല്‍. ജില്ലയി ലെ മുഴുവന്‍ എ+ ഗ്രന്ഥാലയങ്ങളുടെയും സംഗമം. മയ്യില്‍ പഞ്ചായത്തിലെ മുഴുവന്‍ ഗ്രന്ഥാലയങ്ങളെയും പങ്കാളിക ളാക്കുന്നു. 2018 മാര്‍ച്ച് 29 ന് വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ വേളം പൊതുജന വായനശാലയില്‍.
*ഏറെ വിനയത്തോടെ ബഹുമാനത്തോടെ*
ജന്മിനാടുവാഴിത്തം കൊടികുത്തി വാണിരുന്ന പ്രദേശം. സ്വന്തമായി കൃഷിഭൂമിയുള്ളവര്‍ വിരളം. ജനങ്ങള്‍ വിദ്യാഭ്യാസ പരമായും, സാമ്പത്തികമായും സാംസ്കാരികപരമായും വളരെ പിന്നില്‍. തികച്ചും അന്ധകാരസമാനമായ ഒരു ദരിദ്ര ഗ്രാമം.
ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുന്നേറ്റം ജ്വലിച്ചു നിന്ന 1930 കാലം. പി. ഈശ്വരന് എന്ന കോണ്‍ഗ്രസ് പ്രവര്ത്തകന്റെസാന്നിദ്ധ്യം. 1932 ലെ ഹിന്ദി പാഠശാല. ആയതിനുവേണ്ടി നിര്‍മ്മിച്ച ഓലപ്പുര. ഭാസ്ക്കരന്‍ മാസ്റ്റര്‍ എന്ന പേരില്‍ സുബ്രഹ്മണ്യഷേണായിയുടെയും കെ.എ.കേരളീയന്റെയും ഈ പ്രദേശത്തെ രാഷ്ട്രീയ പ്രവര്‍ത്തനം. ഇവരുടെയൊക്കെ ശ്രമഫലമായി വേളം പൊതുജന വായനശാല യാഥാര്‍ത്ഥ്യമാകുന്നു.
1934 മാര്‍ച്ച് 10 ന് വായനശാലയുടെ ഔപചാരിക ഉല്‍ഘാടനം. ആദ്യ പ്രസിഡന്റ് ടി. ഒതേനന് മാസ്റ്റര്‍, സെക്രട്ടറി കെ. കേളു മാസ്റ്റര്‍. ഈ പ്രദേശത്തിന്റെ രാഷ്ട്രീയവും, സാംസ്കാരികവും, വിദ്യാഭ്യാസ പരവുമായ പുരോഗതിയില്‍ വായനാശാലയുടെ പ്രവര്‍ത്തനം നിര്‍ണ്ണായക പങ്ക് വഹിച്ചു. ദേശീയപ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനത്തിനും വളര്‍ച്ചയ്ക്കുമുള്ള കേന്ദ്ര ബിന്ദുവായി വായനശാല.
1946-50 കാലയളവിനിടയില്‍ രണ്ട് തവണ വായനശാല തകര്‍ക്കപ്പെട്ടു. വീണ്ടും സജീവമാകുന്നത് 1952 ലാണ്. വി. ആര്. കൃഷ്ണയ്യരുടെ അദ്ധ്യക്ഷതയില്‍ പി. ആര്. നമ്പ്യാര്‍ പുതുക്കിയ വായനശാലാ കെട്ടിടം ഉല്‍ഘാടനം ചെയ്തു. ടി. ഒതേനന് മാസ്റ്റര്‍ പ്രസിഡന്റ്, യു.പി കുഞ്ഞിരാമന് നായര്‍ സെക്രട്ടറി.
ദരിദ്രവും അവികസിതവുമായ ഈ പ്രദേശത്തിന്റെ വികസനവുമായിബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങള്‍ ആരംഭിക്കു ന്നതിനായി കെട്ടിടവും സ്ഥലവും വിട്ടുകൊടുക്കാന്‍ വായനശാല തയ്യാറായി. കണ്ടക്കൈ പഞ്ചായത്ത് ഓഫീസ്, കണ്ടക്കൈ വിവിധോദ്ദേശ്യ ഐക്യ നാണയ സംഘം, കണ്ടക്കൈ മൃഗാശുപത്രി എന്നിവ പ്രവര്‍ത്തിച്ചിരുന്നത് വായനശാലാ കെട്ടിടത്തിലായിരുന്നു. വായനശാലയുടെ കൈവശമുള്ള ഒന്നര ഏക്കര്ഭൂമിയില്നിന്നും 25 സെന്റ് സ്ഥലം കണ്ടക്കൈ മൃഗാശുപത്രിക്കും 11 സെന്റ് സ്ഥലം ഗ്രാമസേവക ക്വാര്‍ട്ടേഴ്സിനും 2 കിണറുകള്‍ക്കായി 4 സെന്റും, സോപ്പ് നിര്‍മ്മാണ യൂനിറ്റിന് 5 സെന്റും വായനശാലാ പറമ്പിന്റെ മൂന്നു ഭാഗത്തുകൂടി പോകുന്ന റോഡുകള്‍ക്കാവശ്യമായ മുഴുവന്‍ സ്ഥലവും സൗജന്യമായി നല്കി.
പ്രവര്‍ത്തനങ്ങള്‍ സജീവമായതോടുകൂടി പുതുതായി കെട്ടിടം നിര്‍മ്മിക്കുന്നതിന് ശ്രമം ആരംഭിച്ചു. വിപുലീകരിച്ച നാലാമത്തെ കെട്ടിടം 1974 ഫിബ്രവരി 10 ന് അന്നത്തെ ഗ്രന്ഥശാലാ സംഘം പ്രസിഡന്റ് ശ്രീ തായാട്ട് ശങ്കരന് ഉല്‍ഘാടനം ചെയ്തു. നിലവിലെ കെട്ടിടം 1995 ഏപ്രില്‍ മാസം 21 ന് ലോകാരാധ്യനായ സ: ഇ.എം.എസ് ഉല്‍ഘാടനം ചെയ്തു.
നാട്ടില്‍ റോഡോ വാഹനങ്ങളോ ഇല്ലാത്ത കാലത്ത് രോഗികളെ എടുത്തുകൊണ്ട് പോകുന്നതിന് സ്ട്രെച്ചര്‍, വൈദ്യുതി ഇല്ലാത്ത കാലത്ത് നാട്ടിലും വീടുകളിലും നടക്കുന്ന ആവശ്യങ്ങള്‍ക്ക് വെളിച്ചത്തിനായി റാന്തല്‍ വിളക്ക്, പെട്രോള്‍മാക്സ്, കറ്റക്കളങ്ങള്‍ തയ്യാറാക്കു ന്നതിന് നിലം തല്ലി, വേളം – മയ്യില്‍ റോഡ് നിര്‍മ്മിക്കാനുള്ള നേതൃത്വപരമായ പങ്ക്, നിരക്ഷരരായ യുവതീ യുവാക്കള്‍ക്ക് അക്ഷരാഭ്യാസം നല്‍കുന്നതിന് 1971 ല്‍ ആരംഭിച്ച പ്രത്യേകസാക്ഷരതാ പരിപാടി, 1992 മുതല്‍ പ്രശസ്ത വിജയം കൈവരിച്ച എസ്. എസ്. എല്‍. സി, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം, 1995 മുതല്‍ ഏറ്റവും നല്ല വായനക്കാര്‍ക്ക് കേഷ് അവാര്‍ഡ്. മയ്യില്‍ പഞ്ചായത്തിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഗ്രന്ഥാലയത്തിന് യു പത്മനാഭന് സ്മാരകകേഷ്അവാര്ഡ് എന്നിങ്ങനെ സമാനതക ളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഒട്ടനവധിയാണ്.
*വായനവീട്*
വായനയ്ക്ക് കൂടുതല്അവസരമേകാന് 2013 മുതല്‍ ആരംഭിച്ചതാണ്വായനവീട്. മുപ്പത് മുതല്‍ അന്‍പത് വീടുവരെ ഉള്‍ക്കൊള്ളുന്നതാണ് ഒരു വായനവീട്. ലൈബ്രറിയില്‍ നേരിട്ട്വന്ന് പുസ്തകമെടുക്കാന്‍ കഴിയാത്തവര്‍ക്ക് പുസ്തക വായനക്ക് കൂടുതല്‍ അവസരമേകാന്‍ ഇതുവഴി സാധിക്കുന്നു. അതോടൊപ്പം വനിതാ വയോജന പുസ്തക വിതരണ പദ്ധതികൂടുതല്‍ വിപുല പ്പെടുത്താനും കഴിയുന്നു. ആറ് വായനവീടുകളാണ് ഉള്ളത്. നിശ്ചയിച്ച ദിവസം വനിതാ ലൈബ്രേറിയന്‍ പുസ്തകങ്ങളുമായി എത്തുന്നു. 3 മുതല്‍5 മണിവരെയാണ് പ്രവര്‍ത്തന സമയം. ഒരോവായനക്കാരനും പുസ്തകങ്ങള്‍ പരസ്പരം കൈമാറി വായിക്കാവുന്നതാണ്. അങ്ങിനെ കൈമാറുന്നവ വായന വീട്ടില്‍ സൂക്ഷച്ചിട്ടുള്ള കാര്‍ഡില്‍ രേഖപ്പെടുത്തണം. വായനശാലയുടെ ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ 24 ക്ലസ്റ്ററുകളാക്കി അവയെ 6വായന വീടുകളിലും ലൈബ്രറിയില്‍ നേരിട്ടും പുസ്തക വായനയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തന മാണ് ഇതിലൂടെ നടത്തിവരുന്നത്.
*വായനക്കാര്‍ക്ക് കേഷ് അവാര്‍ഡ്*
· വേളം പൊതുജന വായനശാലയില്‍ അംഗത്വമുണ്ടായിരിക്കണം.
· യു.പി. സ്കൂള്‍, ഹൈസ്കൂള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം അവാര്‍ഡ് നല്കുന്നു.
· ആഗസ്ത് മാസം മുതല്‍ ജൂലൈ മാസം വരെ ഒരുവര്‍ഷക്കാലം ലൈബ്രറിയില്‍ നിന്നും വായിക്കാനെടുക്കുന്ന പുസ്തകളുടെ എണ്ണത്തിന് 50 മാര്‍ക്ക്
· വായിച്ചവയില്‍ ഇഷ്ടപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ച് ആസ്വാദനം : 20 മാര്‍ക്ക്
· വായനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ലൈബ്രറി ക്വിസ് മത്സരത്തിന്. 20 മാര്‍ക്ക്
· പ്രത്യേകം തയ്യാറാക്കി വായനക്കാര്‍ക്ക് നല്കുന്ന ചോദ്യാവലിക്ക് 10 മാര്‍ക്ക്.
ലൈബ്രറിയില്‍ എട്ട് ലക്ഷം രൂപ വിലവരുന്ന ഇരുപതിനായിരത്തോളം പുസ്തകങ്ങളുണ്ട്. മലയാളം 18000, ഇംഗ്ലീഷ് 1123, ഹിന്ദി 139. ഇതില്‍ 4000 പുസ്തകങ്ങള്‍ ബാലവിഭാഗത്തിലും 6000 പുസ്തകങ്ങള്‍ റഫറന്‍സ് വിഭാഗത്തിലും ഉള്‍പ്പെടുന്നു. 1321 മെമ്പര്‍മാരുണ്ട്. 809 പുരുഷന്മാരും 512 സ്ത്രീകളും 171 കുട്ടികള്‍.
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ മോഡല്‍ വില്ലേജ് ലൈബ്രറി, സേവനകേന്ദ്രം എന്നിവജില്ലയില് ആദ്യമായി നടപ്പിലാക്കി. മയ്യില്‍ പഞ്ചായത്തിലെ മികച്ച ഗ്രന്ഥാലയത്തിനുള്ള 2007-08, 2010-11 ലെ അക്ഷരജ്വാല പുരസ്ക്കാരം, സംസ്ഥാനത്തെ ഏറ്റവും നല്ല ബാലവേദി പ്രവര്‍ത്തിക്കുന്ന ഗ്രന്ഥാലയത്തിനുള്ള 2004 ലെ പി.രവീന്ദ്രന് പുരസ്ക്കാരം, ഏറ്റവും നല്ല ഗ്രന്ഥാലയത്തിനുള്ള 2014ലെ കടിഞ്ഞിയില്‍ നാരായണന്‍നായര്‍ പുരസ്കാരം, തളിപ്പറമ്പ് താലൂക്കിലെയും കണ്ണൂര്‍ ജില്ലയിലെയും 2014 ലെ മികച്ച ലൈബ്രറി, സംസ്ഥാനത്തെ മികച്ചപൊതുജന വായനശാലയ്ക്ക് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നല്കുന്ന 2014 15 വര്ഷത്തെഇ.എം.എസ് പുരസ്കാരം, എന്നീഅംഗീകാരങ്ങള് വായനശാലയ്ക്ക് ലഭിച്ചു. ലൈബ്രറികൗണ്‍സില്‍2016 17 വര്‍ഷം മുതല്‍ നടപ്പാക്കിയ എ+ അര്‍ഹത നേടി.
*പ്രവര്‍ത്തന മേഖലകള്‍*
ലൈബ്രറി : പുസ്തക വിതരണം, മൊബൈല്‍ ലൈബ്രറി, പുസ്തകശേഖരണം, പുസ്തക പരിചയം, റഫറന്‍സ് ലൈബ്രറി, കുട്ടികളുടെ ലൈബ്രറി, ഹെറിറ്റേജ് ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി, സി.ഡി. ലൈബ്രറി, വായനാ സൗകര്യം, പത്ര മാസികകള്‍, കമ്പ്യൂട്ടര്‍ സാക്ഷരത, ചര്‍ച്ചാവേദി, ആനുകാലിക ചര്‍ച്ച, സംവാദം, സെമിനാര്‍.
വായനവീട് : വനിത വയോജന പുസ്തക വിതരണ പദ്ധതി, ഗ്രന്ഥാലയംഎന്റെ വിദ്യാലയം, സമ്പൂര്‍ണ്ണ പുസ്തക വായന യജ്ഞം, വായനാപഥം.
സേവന : കമ്പ്യൂട്ടര്‍ ശില്‍പ്പശാല, കമ്പ്യൂട്ടര്‍ പരിശീലനം, ഇ-മെയില്‍ പരിശീലനം, ബോധവല്‍ക്കരണം, വിവരശേഖരണം, വിവരവിനിമയം, ഡോക്യുമെന്റേഷന്, ഇ റീഡിംഗ്സെന്റര്.
ബാലവേദി : ദിനങ്ങള്‍ – ദിനാചരണങ്ങള്‍, ശാസ്ത്രം- ശാസ്ത്രജ്ഞര്‍- പഠന പരമ്പര, സര്‍ഗോത്സവം, ബാലവേദി – പാര്‍ലമെന്റ്്, കൈയ്യെഴുത്ത് മാസിക, പഠനയാത്ര, ലിറ്റില്‍ തിയ്യേറ്റര്‍
യുവജനവേദി : രക്തദാന സേന, നേത്രദാന സേന, സന്നദ്ധ സേന, കരിയര്‍ ഗൈഡന്‍സ്, വിനോദയാത്ര.
വനിതാവേദി : സ്ത്രീശാക്തീകരണം, തൊഴില്‍ സംരംഭം, വിവിധ പരിശീലനങ്ങള്‍.
വയോജന വേദി : വായന, ഓര്‍മ്മച്ചെപ്പ്, വിനോദം, ലഘു വ്യായാമം.
ഹരിതസേന : സുസ്ഥിര പരിസ്ഥിതി വികസനസമിതി, കൃഷിക്കൂട്ടം, ജലസംരക്ഷണം, പൂന്തോട്ട പച്ചക്കറി വികസനം.
തൊഴില്‍ കേന്ദ്രം : തൊഴില്‍ പരിശീലനം, പി.എസ്.സി കോച്ചിംഗ്, കരിയര്‍ ഗൈഡന്‍സ്, ലേബര്‍ ബാങ്ക്
കലാസമിതി : കലാ പരിശീലനം, കോല്‍ക്കളി പരിശീലനം, നാടകാവതരണം, കുടുംബശ്രീ ഫെസ്റ്റ്, ഫിലിം ക്ലബ്ബ്, ഫോക്ക്ലോര്ക്ലബ്ബ്.
സ്പോര്‍ട്ട്സ് ക്ലബ്ബ് : കായിക-വിജ്ഞാന പരിപാടി, കായിക പരിശീലനം, വോളിബോള്‍ ടൂര്‍ണ്ണമെന്റ്, യോഗാപരിശീലനം, മെഡിക്കല്‍ ക്യാമ്പ്.
തുടര്‍വിദ്യാ കേന്ദ്രം : അനൗപചാരിക വിദ്യാഭ്യാസം, തുല്യതാ പരിപാടി, ബോധവല്‍ക്കരണം, വികസന വിദ്യാഭ്യാസം.
ഓര്‍മ്മച്ചെപ്പ് : പ്രിയപ്പെട്ട ഓര്‍മ്മകളെ എക്കാലവും ഒര്‍മ്മിപ്പിക്കുന്ന ഒന്നായി മാറ്റുന്നതിന് പങ്കാളിത്ത മുണ്ടാക്കാന്‍ അവസരം. വായനശാല നടത്തുന്ന വായനവീട്, ബാലവേദി,വനിതാവേദി, യുവജനവേദി, വയോജനവേദി എന്നിവയുടെ പ്രോത്സാഹനത്തിനായി നിശ്ചിത തുക സ്ഥിരമായിനിക്ഷേപിക്കുക. പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, ഡിഗ്രി, പ്രൊഫഷണല്‍ കോഴ്സുകള്‍, പാഠാനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മികച്ച നേട്ടം കൈവരിക്കുന്നവര്ക്കുള്ള അനുമോദനം. ഗ്രന്ഥാലയത്തിന്റെ ഭൗതിക സൗകര്യങ്ങളൊരുക്കല്‍.
പുസ്തകനിധി : പുതിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ തന്നെ വായനക്കാര്‍ക്ക് ലഭ്യമാക്കാനുള്ള പദ്ധതി. വിവിധ പുസ്തക പ്രസാധകരുടെ പ്രത്യേക സ്കീമുകളില്‍ അംഗത്വമെടുത്ത് പുസ്തക സമാഹരണത്തിന് സഹായിക്കുക. പ്രീ പബ്ലിക്കേഷ നുകളില്പണമടച്ച്സഹായിക്കുക. പത്രമാസികകള്‍ വരുത്തി സഹായിക്കുക. പുസ്തക നിധിയിലേക്ക് സംഭാവനയായി തുക നിക്ഷേപിക്കുക. പുസ്തക ശേഖരങ്ങള്ലൈബ്രറിയില് ഏല്‍പ്പിക്കുക.
വായനക്കാര്‍ക്ക് അവാര്‍ഡ്: വായനശാലയുടെ സ്ഥാപക പ്രവര്‍ത്തകരിലൊരാളും പ്രസിഡണ്ടുമായിരുന്ന യു. കുഞ്ഞാന്‍കുട്ടി നായരുടെ സ്മരണക്ക് 1995 മുതല്‍ ഏര്‍പ്പെടുത്തിയതാണ് ഏറ്റവും നല്ല വായനക്കാര്‍ക്കുള്ള കാഷ് അവാര്‍ഡ്.
യുപത്മനാഭന് സ്മാരകഅവാര്‍ഡ്: മയ്യില്‍ പഞ്ചായത്തിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഗ്രന്ഥാലയത്തിന്നല്കുന്ന പുരസ്കാരം.
നവതിയാഘോഷത്തോടനുബന്ധിച്ച് ‘വിജ്ഞാനം – വികസനം – ശുചിത്വം’ പ്രത്യേക കേമ്പയിന്‍ തുടക്കമിടുകയാണ്. മാറുന്ന ലോകത്തെ ലൈബ്രറിയുടെ സമഗ്ര വികസനം ലക്ഷ്യംവച്ചുകൊണ്ടുള്ള പ്രവര്‍ത്തന പരിപാടികള്‍ നടപ്പാക്കാനുള്ള പരിശ്രമത്തിലാണിപ്പോള്‍. സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ഗ്രന്ഥാലയമാകാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണ്.
*വിജ്ഞാനം – വികസനം – ശുചിത്വം*
ഒരു ജനതയുടെ വിചാര വികാരങ്ങള്‍ക്കൊപ്പം നിന്ന ജനകീയതയുടെ എട്ടര പതിറ്റാണ്ട്…
അറിവു സമ്പാദനത്തിനപ്പുറം നാടിന്റെ എല്ലാ വികസന വളര്‍ച്ചയിലും അനുഭവ സാക്ഷ്യം…