ഗ്രാമസമൃദ്ധി, വേളം

ഗ്രാമസമൃദ്ധിയുടെ വിവരങ്ങൾ:

സുഹൃത്തുക്കളേ,

വേളത്തേയും, സമീപപ്രദേശങ്ങളിലേയും മുഴുവൻ കുടുംബങ്ങൾക്കും ഒരു സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനും, ഉല്പന്നങ്ങളുടെ വിപണനം സാധ്യമാക്കുന്നതിനും  ‘ഗ്രാമസമൃദ്ധി’ എന്ന പേരിൽ ഒരു ഗ്രാമചന്ത എല്ലാ ആഴ്ചയും നടത്താൻ ഉദ്ദേശിക്കുന്നു.

ആശയം:

സ്വന്തം ആവശ്യം കഴിഞ്ഞ് അധികമുള്ള വിഭവങ്ങളിൽ തേങ്ങ, കുരുമുളക് മുതലായവ മാർക്കറ്റിൽ വിൽക്കാറുണ്ടെങ്കിലും ചക്ക, മാങ്ങ, കായ, മുരിങ്ങ തുടങ്ങിയ പച്ചക്കറിയിനങ്ങൾ ആവശ്യം കഴിഞ്ഞ് പാഴായിപ്പോവുകയാണ് പതിവ്. “ഗ്രാമസമൃദ്ധി” എന്ന ആശയത്തിലൂടെ സ്വന്തം ആവശ്യം കഴിഞ്ഞുള്ള വിഭവങ്ങൾ പരസ്പരം കൈമാറി, പങ്കിട്ട് ഉപയോഗിക്കുന്ന ഓരോ കുടുംബത്തിനും കൈമാറുന്ന വിഭവങ്ങളുടെ നിർണ്ണയിക്കപ്പെടുന്ന കമ്പോളമൂല്യം, ആ കുടുംബാംഗങ്ങൾക്ക് ഒരു വരുമാനദായക പ്രവർത്തനമായി മാറ്റിയെടുക്കാം. പ്രകൃതി വിഭവങ്ങളും കാർഷിക വിഭവങ്ങളും, മൂല്യവർദ്ധിത സംരംഭകത്വ ഉല്പ്പന്നങ്ങളും ഇങ്ങിനെ കൈമാറുമ്പോൾ ഒന്നും പാഴായിപ്പോകുന്നില്ല എന്നതിനോടൊപ്പം മെച്ചപ്പെട്ട വരുമാനവും കൂടുതൽ ഉല്പ്പാദിപ്പിക്കാനുള്ള സന്നദ്ധതയും കൈവരുന്നു. മാത്രവുമല്ല പുനരുപയോഗത്തിനു സാധ്യമാകുന്ന റേഡിയോ, ടി.വി, വാഷിംഗ് മെഷീൻ, മിക്‌സി, സ്റ്റൗ, തുണിത്തരങ്ങൾ, ഫർണീച്ചറുകൾ മുതലായവയും ഈ രീതിയിൽ കൈമാറാം.

പ്രവര്‍ത്തനം:

കുടുംബങ്ങൾ അവരുടെ ആവശ്യം കഴിഞ്ഞുള്ള ഉത്പന്നങ്ങളും വസ്തുക്കളും നിശ്ചയിച്ച ദിവസം, സമയത്ത് വേളം പൊതുജന വായനശാലാ പരിസരത്ത് കൊണ്ടുവരണം. ഇവിടെ എത്തുന്നതോടെ അത് “ഗ്രാമസമൃദ്ധി”യുടെ പൊതുമുതലായി മാറുന്നു. ആ സാധനങ്ങൾ ആർക്കും  യഥേഷ്ടം വാങ്ങാം. എല്ലാ സാധനങ്ങൾക്കും  നിർണ്ണയിക്കുന്ന  മൂല്യത്തിനായിരിക്കും കൈമാറ്റം നടക്കുക. ഒരാളുടെ ചിലവ് മറ്റൊരാളുടെ വരവായി മാറുന്നതോടെ എല്ലാ കുടുംബങ്ങൾക്കും  പ്രതിമാസവരുമാനം ഉറപ്പാക്കുന്നു.

തങ്ങളുടെ കൈവശമുളള വസ്തുക്കളെ കുറിച്ച് ഇതുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പരസ്യം ചെയ്ത് ആവശ്യക്കാരെ നേരത്തെതന്നെ കണ്ടെത്താം.  ആയതിനാൽ ഫർണീച്ചർ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ ആവശ്യക്കാർ ഉണ്ടെങ്കിൽ മാത്രം കൊണ്ടുവന്നാൽ മതിയാവും.


 

പ്രവര്‍ത്തന രീതിയും ഉല്പന്നങ്ങളും:

 • എത്ര ചെറിയ അളവിലും തൂക്കത്തിലും ഉള്ള സാധനങ്ങൾ ചന്തയിൽ കൊണ്ടുവരാം.
  ഉദാഹരണത്തിന് ഒരു തേങ്ങ, ഒരു ചക്ക, ഒരു കോഴി, കുറച്ച് മുരിങ്ങ, കുറച്ച് പയർ എന്നിവ മുതൽ ആവശ്യമില്ലാത്ത/പഴയ (എന്നാൽ ഉപയോഗപ്രദമായ) തുണികൾ, കളിപ്പാട്ടങ്ങൾ, കരകൌശല വസ്തുക്കൾ, അങ്ങനെ എല്ലാം.
 • കുടുംബശ്രീകൾ ഉണ്ടാക്കുന്ന പലഹാരങ്ങൾ, സ്വയം തൊഴിൽ ഉല്പന്നങ്ങൾ എന്നിവയും “ഗ്രാമസമൃദ്ധി”യിൽ ലഭ്യമാകും.
 • ഗ്രാമസമൃദ്ധി”യിൽ വിപണനത്തിന് കൊണ്ടുവരാൻ പറ്റുന്ന ഉല്പന്നങ്ങളിൽ ചിലത് താഴെ കൊടുക്കുന്നു.
  • പച്ചക്കറികൾ, മുട്ട, കോഴി, പാൽ ഉത്പന്നങ്ങൾ, ഇലക്കറികൾ, ധാന്യവിളകൾ, നാണ്യവിളകൾ, പാൽ, പാൽ ഉത്പന്നങ്ങൾ, ചെടികൾ, വളർത്തു മൃഗങ്ങൾ, വിത്തുകൾ, പച്ചക്കറിതൈകൾ,
  • ഭക്ഷ്യ വസ്തുക്കൾ – അച്ചാറുകൾ, പലഹാരങ്ങൾ, കരകൌശല വസ്തുക്കൾ, ഫർണീച്ചർ, തുണിത്തരങ്ങൾ, പുസ്തകങ്ങൾ, മാസികകൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ബാഗുകൾ, കുടകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ (കേടുപാടുകൾ ഇല്ലാത്തവ), തുടങ്ങി എല്ലാ കാർഷിക ഉത്പന്നങ്ങളും, പുനരുപയോഗത്തിന് സാധ്യമായ എല്ലാ വിഭവങ്ങളും…
 • ഉത്പന്നങ്ങൾ തൂക്കുന്നതിനും അളക്കുന്നതിനും ആവശ്യമായ സംവിധാനങ്ങൾ പൊതുവായി ഉണ്ടായിരിക്കും.
 • ഇതിന്റെ നടത്തിപ്പിനായി കുറച്ചുപേര്‍ക്ക് പരിശീലനം സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി ഒരു സമിതി രൂപീകരിക്കുന്നതിനായുള്ള ഒരു യോഗം ഉടനെ വായനശാലയിൽ വച്ച് നടത്തും. പുതിയ വാട്സ്ആപ് ഗ്രൂപ്പിൽ ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിക്കും.
 • നിങ്ങളുടെ നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും, സംശയങ്ങളും ഈ യോഗത്തിൽ അവതരിപ്പിക്കാം.

വാട്സ്ആപ് ഗ്രൂപ്പ്‌ (WhatsApp Group):

 • പ്രദേശത്തെ എല്ലാ കുടുംബങ്ങളിലെയും ഒരാൾ എങ്കിലും ഈ ഗ്രൂപ്പിൽ അംഗം ആകണം.
 • വിൽക്കാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ ചിത്രം മുൻകൂട്ടി ഗ്രൂപ്പിൽ അയക്കാം.
 • പച്ചക്കറികളുടെ ചിത്രം അയക്കേണ്ട ആവശ്യം ഇല്ല. നിശ്ചയിച്ച ദിവസം വായനശാല പരിസരത്ത് കൊണ്ടുവന്നാൽ മതിയാകും.
 • ഗ്രൂപ്പ് ഈ ആവശ്യത്തിനു വേണ്ടി മാത്രം ഉള്ളതാണ്. വേറെ രീതിയിലുള്ള ചര്‍ച്ചകളും മെസ്സേജുകളും ഒഴിവാക്കണം.
 • ഗ്രൂപ്പിൽ ആരെയെങ്കിലും (ഇപ്പോൾ പ്രദേശവാസികളെ മാത്രം) അവരുടെ ഫോണ്‍ നമ്പർ ലൈബ്രറിയിലോ, ഇതിന്റെ സമിതി അംഗങ്ങളെയോ, ഗ്രൂപ്പിൽ നേരിട്ടോ (ഗ്രൂപ്പിൽ അംഗങ്ങൾ ആയവർ വഴി) അറിയിക്കാം.
 • വൈകുന്നേരങ്ങളിൽ വായനശാലയിൽ സൗജന്യ വൈഫൈ (WiFi) സൗകര്യം ലഭ്യമാണ്. ഇത് ഉപയോഗപ്പെടുത്താം.
 • സ്മാര്‍ട്ട്ഫോണ്‍, വാട്സ്ആപ് ഉപയോഗങ്ങളുടെ പരിശീലനത്തിന് “ഗ്രാമസമൃദ്ധി” സമിതി അംഗങ്ങളെ സമീപിക്കാം.

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

എന്ന്,

 കെ. മനോഹരന്‍, (പ്രസിഡണ്ട്),

 സി.സി. രാമചന്ദ്രന്‍, (സിക്രട്ടറി).

വേളം, 

28.03.2017                                                            

IMG-20170406-WA0002

2017-GramaSamrudhi

2017-GramaSamrudhi

2017-GramaSamrudhi


2017-ഏപ്രിൽ 8  ന് ശില്പശാല

IMG-20170406-WA0000

ശില്പശാല വാർത്തകൾ

ശില്പശാല വാർത്തകൾ