മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസ്

തളിപ്പറമ്പിലെ ഗ്രന്ഥാലയങ്ങളോട് മുഖ്യമന്ത്രി 31ന് സംസാരിക്കും.
കണ്ണൂര്‍: വിവരസാങ്കേതികവിദ്യക്കൊപ്പം സഞ്ചരിക്കുന്ന തളിപ്പറമ്പ് മണ്ഡലത്തിലെ ഗ്രന്ഥശാലകളെ മുഖ്യമന്ത്രി ഡിസംബർ 31ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യും. ജയിംസ് മാത്യു എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതിയിലൂടെ ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കിയ മണ്ഡലത്തിലെ 164 ഗ്രന്ഥശാലകളിലും മുഖ്യമന്ത്രിയുടെ പ്രസംഗം ലൈവായി സംപ്രേഷണം ചെയ്യും. 1.39 കോടി രൂപ ചെലവഴിച്ചാണ് മണ്ഡലത്തിലെ മുഴുവന്‍ ലൈബ്രറലികളെയും കോര്‍ത്തിണക്കി പദ്ധതി തയ്യാറാക്കിയത്. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനമായാണ് മുഖ്യമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ്. പകല്‍ 2.30നാണ് മുഖ്യമന്ത്രിയുടെ പ്രസംഗം സപ്രേക്ഷണം ചെയ്യുക. പാലക്കാട് നിന്നാണ് മുഖ്യമന്ത്രി വായനശാലകളോട് സംസാരിക്കുക.
കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജിലാണ് പദ്ധതിയുടെ വെര്‍ച്വല്‍ സ്റ്റുഡിയോ സജ്ജമാക്കിയിട്ടുള്ളത്. ഗ്രന്ഥശാലകളില്‍ കേബിള്‍ ശൃംഖലവഴിയാണ് അതിവേഗ ഇന്റര്‍നെറ്റ് സംവിധാനംഒരുക്കിയത്. പദ്ധതിയുടെ ഭാഗമായി ലൈബ്രറികള്‍ക്ക് സിപിയു, എല്‍സിഡി മോണിറ്റര്‍, മള്‍ട്ടി പര്‍പ്പസ് പ്രിന്റര്‍, യുപിഎസ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഗ്രന്ഥാലയങ്ങള്‍ ഗ്രാമീണ സേവനകേന്ദ്രങ്ങളാക്കി മാറ്റുന്നതിനും വിവരസാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തി സാമൂഹ്യഇടപെടലുകള്‍ ശക്തമാക്കുന്നതിനുമാണ് പദ്ധതി. എഴുത്തുകാരുമായുള്ള അഭിമുഖങ്ങള്‍, പ്രമുഖര്‍ പങ്കെടുത്തുള്ള പുസ്തക ചര്‍ച്ചകള്‍, വിജ്ഞാന വ്യാപന പരിപാടികള്‍ എന്നിവ മുഴുവന്‍ ഗ്രന്ഥാലയങ്ങളിലും ഒരേ സമയം സംപ്രഷണം ചെയ്യാനും ആവശ്യമുള്ളവ പിന്നീട് ഉള്ള ഉപയോഗത്തിന് സജ്ജമാക്കാനും പദ്ധതിയിലൂടെ സാധ്യമാവും. നേരത്തെ തളിപ്പറമ്പ് മണ്ഡലത്തില്‍ മുഴുവന്‍ വിദ്യാലയങ്ങളെയും കോര്‍ത്തിണക്കി സമാനമായ പദ്ധതി നടപ്പാക്കിയിരുന്നു.